2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

തോട്ടാവാടി പെണ്ണ്‍...

നിലാവ് തെളിഞ്ഞു വിലസും രാവില്‍
നിശ്ച്ചലം ഒരു തോട്ടാവാടി ചെടി..
നീഹാര മുത്തുകള്‍ തിളങ്ങും ചേല ചുറ്റി
നിര്‍മ്മലമായി ചിരി തൂകി..

ഇളം നിലാവിന്‍റെ തണുത്ത വെട്ടത്തില്‍
ഇളം മുള്ളുകള്‍ തെളിഞ്ഞു കത്തി..
ഇളം കാറ്റിന്‍ മൃദു സ്പര്‍ശത്താല്‍.
ഇളം ചെടി നാണിച്ചു മുഖം മറച്ചു..

ചികുരത്തില്‍ നീ  ചൂടിയ പൂവ്
ചെറുതായി ചുവന്ന പൂവ്..
ചേലാര്‍ന്ന തുഷാര കണങ്ങള്‍ ചൂടി എന്‍റെ
ചേതസ്സില്‍ ആനന്ദ മകരന്ദമഴയായി  പെയ്തിറങ്ങി

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

കുഞ്ഞി പൂവ്...

ഹരിത ഗഹന വാനിൽ തെളിഞ്ഞ
ഒറ്റ നക്ഷത്രം പോലെ നീ എൻ
പുഷ്പസഹോദരീ ഈ പുല്‍പടര്‍പ്പില്‍..

ശുഭ്ര മേഘങ്ങളുടെ മറവില്‍ നീ
സൂര്യനോട് ഒളിച്ചു കളിക്കുന്നുവോ
ചെറു കുട്ടിയെപോലെ..

ഇളം നീല മുഖമുള്ള കുഞ്ഞി പൂവേ
നിന്‍റെ പുഞ്ചിരി ,നിഷ്കളംഗമാം
പ്രപഞ്ച സത്തയുടെ നിലാവൊളി..

മന്ദമാരുതന്‍ നിന്റെ കവിളില്‍  തലോടാന്‍
ശല്ല്യക്കാരന്‍ പൂവാലനെ പോലെ
നിന്നെ ചുറ്റി നടപ്പൂ..

ചന്തമേറിയ കുഞ്ഞി പൂവേ നിന്‍റെ
കവിളില്‍ ഒരുമ്മ നല്‍കി വിട
ചോല്ലിടട്ടെ ഈ സോദരന്‍...


2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

സ്വയംവരം


നമുക്ക് ചുറ്റും നിറങ്ങൾ തീക്ഷ്ണമായി തെളിഞ്ഞിരുന്നു ..,
പ്രണയമാരി പ്രവചിക്കുന്ന മാരിവിൽ പോലെ 
ഇളം നീല പൂക്കൾ നോക്കി നിൽക്കെ
നേത്രപുഷ്പ്പമാലകൾ പരസ്പരം
അണിഞ്ഞു നാം സ്വയംവരം ചെയ്തു ..
പച്ചതണ്ടിൽ ഇളം മുള്ളുകൾ ഉള്ള
പനിനീർച്ചെടി   ഒരു പൂവ് എൻറെ  നേർക്ക്‌ നീട്ടി
എൻറെ ഹൃദയത്തിൻറെ  നിറമുള്ള
ആ ചുവന്ന പൂവ് നിൻറെ
കൈകളോടു ഞാൻ ചേർത്തു
അപ്പോൾ നിൻറെ അധരത്തിൽ വിരിഞ്ഞ ,
മന്ദഹാസ പുഷ്പത്തിന് ആ പനിനീർ പൂവിനെ
വെല്ലുന്ന ചുവപ്പായിരുന്നു ...

             

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ഞാന്‍ അമരന്‍..

നിൻറെ നാമം എന്റെ ഓർമകളിൽ അനശ്വരം
 നിൻറെ  സ്വരം എൻ കാതുകളിലും ...
പ്രണയത്തിൻ  ആരാമത്തിൽ സഖിയായിരുന്നവളെ
നിന്റെ  അധരത്തിലെ  മധുരം
എൻ  ജീവിതത്തിൻ അമൃതം...
അമൃതപാനവരം ,അമരജീവിതം ..